Gazzali Series Part 5 വായിക്കാൻ
പൊതുവെജ്ഞാനശാസ്ത്രത്തിൽ മൂന്ന് ചോദ്യങ്ങളാണുള്ളത്.
1) എന്താണ് അറിവ്?
2) അറിവ് സാധ്യമാണോ?
3) എന്താണ് അറിവിന്റെ സ്രോതസ്സുകൾ?
യഥാർത്ഥ സന്ദേഹവാദി രണ്ടാമത്തെ ചോദ്യത്തോട് നിഷേധാത്മകമായി പ്രതികരിക്കുന്നു. യഥാർത്ഥമായ അറിവ് സാധ്യമേയല്ല എന്നായിരിക്കും അയാളുടെ പക്ഷം. അങ്ങനെ ഒരർത്ഥത്തിൽ അറിവിന്റെ നിഷേധമാണ് സന്ദേഹവാദം (skepticism). അതേ സമയം സന്ദേഹത്തെ ഒരു രീതിശാസ്ത്രമായി കാണുന്ന തത്വചിന്താ പാരമ്പര്യവും ഹെലനിസ്റ്റിക്ക് കാലം തൊട്ട് വികസിച്ചിട്ടുണ്ട്. ആധുനിക തത്ത്വചിന്തയുടെ പിതാവായ ഡെക്കാർത്ത് (Descartes) ആണ് ഈ രീതിയെ നിയത രൂപത്തിൽ വികസിപ്പിക്കുകയും അതിന്റെ അടിത്തറയിൽ ആധുനിക യുക്തി ചിന്തയുടെ (rationalism) അസ്ഥിവാരം പടുത്തുയർത്തുകയും ചെയ്തത്. ഡെക്കാർത്തയുടെ ചിന്താരീതികളിലും അദ്ദേഹം തന്റെ 'രീതിശാസ്ത്രത്തിന്റെ പ്രതിപാദനം' (Discourses on method) എന്ന പുസ്തകത്തിൽ ഉന്നയിക്കുന്ന ആശയത്തിലും ഗസ്സാലിയൻ സന്ദേഹവുമായി സമാന്തരങ്ങൾ കാണാം. ഡെക്കാർത്തയെ സംബന്ധിച്ചിടത്തോളം സന്ദേഹത്തെ പരിധിയില്ലാതെ ഒന്നിലേക്ക് പ്രയോഗിക്കുക വഴി, അത് സംശയാതീതമായ അറിവിനെ വെളിപ്പെടുത്തുന്നു. ഈ രീതിശാസ്ത്രം ഉപയോഗിച്ച് സർവ്വതിനെയും ആദ്യം അദ്ദേഹം തള്ളി കളയുന്നു. ഇന്ദ്രിയജന്യമായ അറിവുകൾ, ശാസ്ത്ര അറിവുകൾ, എല്ലാം സംശയത്തിന്റെ പരിധിയിലേക്ക് വീഴുന്നു. തനിക്ക് ചുറ്റുമുള്ള വസ്തുനിഷ്ഠ ലോകം മുഴുവൻ ഒരു പിശാചിന്റെ ജാലവിദ്യയാണെന്ന് ഒരാൾ വാദിച്ചാൽ അതിനെ നിഷേധിക്കുവാൻ കഴിയുന്ന തെളിവുകളുടെ അടിത്തറ പോലും നമുക്കില്ല. ഇങ്ങനെ സർവ്വജ്ഞാനവും നിഷേധിക്കുന്ന സന്ദേഹത്തിൽ നിന്നും ഒടുവിൽ ഡെക്കർത്തെ പുറത്തു വരുന്നു. എന്തും സംശയത്തിന്റെ നിഴലിൽ നമ്മുക്ക് കൊണ്ട് വരാം! സംശയിക്കുന്ന 'എന്റെ' അസ്തിത്വമൊഴികെ. അതിനെ മാത്രം ഒരു രീതിയിലും നിഷേധിക്കുക സാധ്യമല്ല. ഒരു പിശാച് നമ്മളെ വഞ്ചനാത്മകമായ കാഴ്ചകൾക്ക് വിധേയമാക്കിയിരിക്കുന്നു എന്ന് കരുതുന്നവർക്ക് പോലും, അതിന് വിധേയമായി കൊണ്ടിരിക്കുന്ന സ്വന്തം ചിന്തയെ സംശയിക്കാനോ നിഷേധിക്കാനോ ആവില്ല. അങ്ങനെ സുപ്രസിദ്ധമായ 'ഞാൻ ചിന്തിക്കുന്നു; അതു കൊണ്ട് ഞാൻ നിലനിൽക്കുന്നു' (cogito ergosum) എന്ന ആശയം മുന്നോട്ട് വച്ച് ചിന്തിക്കുന്ന വ്യക്തിയുടെ സംശയരഹിതമായ അസ്തിത്വത്തിൽ നിന്നും ഒരു ജ്ഞാനശാസ്ത്രം പടുത്തുയർത്തുകയാണ് ഡെകാർത്തെ ചെയ്യുന്നത്.
മുൻഖിദിലെ ഗസ്സാലിയൻ സന്ദേഹത്തിലേക്ക് തിരിച്ചു വന്നാൽ, അത് അറിവിനെ ആത്യന്തികമായി നിഷേധിക്കുന്ന പൂർണ സന്ദേഹിയുടേതല്ല എന്ന് വ്യക്തമാണ്. എന്നിരിക്കെ ജെ ഒബർമൻ (J Obermann) പോലുള്ള പാശ്ചാത്യ ചിന്തകർ അത്തരത്തിലുള്ള തെറ്റായ നിഗമനത്തിലേക്ക് ഗസ്സാലിയൻ ചിന്തയെ കൊണ്ട് പോയി കെട്ടാൻ ശ്രമിച്ചിട്ടുള്ളതായി കാണാം. വസ്തുനിഷ്ഠ ലോകത്തോടുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ, അതിനെ നിഷേധിച്ചു കൊണ്ടാണ് ഗസ്സാലി ഇമാം വൈയക്തിക അടിത്തറയിലുള്ള മതത്തിലേക്ക് അഭയം പ്രാപിച്ചത് എന്നാണ് ഉന്നയിക്കപ്പെട്ടിട്ടുള്ള വാദം. എന്നാൽ ഈ വിധം വസ്തുനിഷ്ഠ യാഥാർഥ്യത്തെ തള്ളി കളയുന്ന ഒരു നിലപാട് മുൻഖിദിൽ കാണാൻ സാധിക്കുന്നില്ല. അറിവ് സാധ്യമല്ല എന്ന പൂർണ സന്ദേഹവാദിയുടെ നിലപാട് ഗസ്സാലിയുടെ പുസ്തകങ്ങളിൽ എവിടെയും കാണാനും കഴിയില്ല. ഇനി ഒരു രീതിശാസ്ത്രം എന്ന നിലയിലാണോ സന്ദേഹം ഗസ്സാലി ഉപയോഗപ്പെടുത്തിയത്? നിരവധി ആധുനിക ഗസ്സാലി പണ്ഡിതർ ഈ വാദം അംഗീകരിച്ചിട്ടുണ്ട്. ഡെക്കാർത്തെ ഗസ്സാലിയൻ സന്ദേഹത്തെ നേരിട്ട്, മുൻഖിദിന്റെ ലാറ്റിൻ പരിഭാഷകളിൽ നിന്നും, സ്വീകരിച്ചിട്ടുണ്ടാവും എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
ആധുനിക ചിന്തയുടെ അടിസ്ഥാനമായി തീർന്ന ഡെക്കാർത്തെയുടെ സന്ദേഹത്തെ പക്ഷെ ഗസ്സാലിയുടേതിൽ നിന്ന് വേറിട്ടു കണ്ട്, അവ രണ്ടും വ്യത്യസ്തമായ ജ്ഞാന പാരമ്പര്യങ്ങളിൽ വേരാഴ്ത്തി നിൽക്കുന്നതാണെന്നുള്ള വസ്‌തുതയെ പരിഗണിക്കണമെന്ന് ഉസ്മാൻ ബക്കർ (Osman bakar) നിലപാടെടുക്കുന്നു. യഖീൻ, അഥവാ അറിവിന്റെ ദൃഢത, തേടിയുള്ള അന്വേഷണം ഇസ്ലാമിക പാരമ്പര്യത്തിന്റെ ആധ്യാത്മിക വഴിയിൽ പ്രഖ്യാതമാണ്. അതാണ് ഗസ്സാലി തന്റെ അന്വേഷണങ്ങൾക്ക് ആധാരമാക്കിയത്. ഖുർആൻ മൂന്നു തരം യഖീനിന്റെ തലങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഒന്ന് ഇൽമ്-അൽ-യഖീൻ (ilm al yaqeen) എന്ന പഠനം വഴി ലഭ്യമാവുന്ന അറിവ്. രണ്ട്, ഐൻ- അൽ-യഖീൻ (ayn-al-yaqeen) എന്ന കാഴ്ച്ച കൊണ്ട് ലഭ്യമാവുന്ന ദൃഢത. മൂന്ന്, ഹഖ്-അൽ-യഖീൻ (Haq-al-yaqeen), ഏറ്റവും ഉയർന്ന തലത്തിൽ അനുഭവവേദ്യമാവുന്ന ദൃഢബോധ്യം. യഥാക്രമം അഗ്നിയെ കുറിച്ച് കേട്ടറിയുന്നതും അഗ്നി കണ്ണ് കൊണ്ട് കാണുന്നതും അഗ്നിയിൽ എരിയുന്നതിനോടും ബന്ധപ്പെട്ട അറിവിന്റെ അനുഭവ തലത്തിലെ വ്യത്യാസങ്ങളെ ഈ മൂന്നു സംജ്ഞകൾ സൂചിപ്പിക്കുന്നു. ഒരേ വസ്തുവിനെ തന്നെയാണ് അറിയുന്നത്. പക്ഷെ മൂന്നും തുല്യമായ അറിവല്ല. ഒരേ വസ്തുവിനെ കൂടുതൽ കൂടുതൽ യഥാതഥമായി ബോധ്യപ്പെടുന്നതിലെ പടിപടിയായുള്ള വികാസത്തിന്റെ സാക്ഷ്യമാണത്. ഇത്തരം ജ്ഞാന യാത്രകളുടെ പശ്ചാത്തലത്തിൽ വേണം ഗസ്സാലിയുടെ അന്വേഷണങ്ങളെ വിലയിരുത്തേണ്ടത്.
ഉസ്മാൻ ബക്കറുടെ ഈ വാദഗതി കൂടുതൽ സമഗ്രമായ ഒരു പശ്ചാത്തലത്തിലേക്ക് ഇമാം ഗസ്സാലിയുടെ ജ്ഞാനാന്വേഷണങ്ങളെ പ്രതിഷ്ഠിക്കാൻ സഹായിക്കും എന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. എങ്കിലും ഡെക്കാർത്തെയുടെ രീതിശാസ്ത്രത്തോടുള്ള ഗസ്സാലിയൻ ചിന്തയുടെ അത്ഭുതകരമായ സാദൃശ്യം പരിഗണിക്കാൻ അത് തടസമാണെന്ന് തോന്നുന്നില്ല. തത്ത്വചിന്തയുടേതായ ഒരു അർത്ഥത്തിലാണ് 'യഖീൻ' എന്ന പദം പരാമർശിച്ചിരിക്കുന്നത് എന്ന് വായിക്കുമ്പോൾ വിശേഷിച്ചും. ഇമാം ഗസ്സാലി തന്നെ ഇഹ്‌യായിൽ യഖീനിന്റെ തത്ത്വചിന്താപരമായ അർത്ഥത്തെ വ്യവഛേദിച്ചു പരാമർശിക്കുന്നുണ്ട്. "രണ്ട് വിഭാഗം ആളുകൾ വ്യത്യാസ്തമായ രീതിയിൽ ഉപയോഗിച്ച് നാനാർത്ഥം പേറുന്ന പദമാണ് യഖീൻ എന്നറിയുക. തത്ത്വചിന്തകരെയും മുതകല്ലിമുകളെയും സംബന്ധിച്ച് അത് സംശയത്തിന്റെ അപര്യാപ്തതയാണ്." തുടർന്ന് അവർ എങ്ങനെയാണ് യുക്തിപരതയുടെ വിവിധ മാതൃകകളെ അടിസ്ഥാനമാക്കി യഖീനിലെത്തുന്നത് എന്ന് വിവരിച്ച ശേഷം ഇമാം ഗസ്സാലി രണ്ടാമത്തെ അർത്ഥത്തിലേക്ക് വരുന്നു. "രണ്ടാമത്തെ അർത്ഥത്തിൽ ഈ പദം (യഖീൻ) സൂഫികളും ഫുഖഹാക്കളും മറ്റു പണ്ഡിതവര്യന്മാരും ഉപയോഗിക്കുന്നു. അതിൽ സംശയത്തിനോ അനുമാനത്തിനോ സ്ഥാനമില്ല. മറിച്ച് അത് ഹൃദയത്തിൽ ഏറെ അടിയുറച്ചതായി മാറി. അതനുസരിച്ചു ഹൃദയത്തിനു മേൽ പ്രവർത്തിയുടെയും ത്യാഗത്തിന്റെയും ചേതോവികാരമായി രൂപപ്പെടുന്ന ഒരു വിശ്വാസത്തിന്റെ വെളിച്ചമാണ്." മുൻഖിദിലെ ആദ്യ പ്രതിസന്ധിയിലേക്ക് നയിച്ച അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ തത്ത്വചിന്തകരുടെ അർത്ഥത്തിലാണ് യഖീൻ ഉപയോഗിച്ചത് എന്ന് ഇതിൽ നിന്നും മനസിലാക്കാം. പരിസമാപ്തിയിൽ രണ്ടാമത്തെ അർത്ഥത്തെ ക്ഷണിക്കുന്നുമുണ്ട്.
മീസാൻ-അൽ-അമൽ എന്ന കൃതിയിൽ ഗസ്സാലി എഴുതുന്നു. "സന്ദേഹം നിങ്ങളെ സത്യത്തിലേക്ക് വഹിച്ചു കൊണ്ട് പോവുന്നു. സംശയാലുവല്ലാത്ത ഒരാൾ ഒരിക്കലും അന്വേഷണത്തിന് തുനിയുകയില്ല. അന്വേഷണമില്ലാതെ ഉൾകാഴ്ച്ച ഉണ്ടാവില്ല. ഉൾകാഴ്ച്ച ഇല്ലാത്തവൻ അന്ധനും മൂഢനുമായിരിക്കും. ആ സ്ഥിതിയിൽ നിന്നും നാം പടച്ചവന്റെ രക്ഷ തേടുന്നു." ഏത് രീതിയിലാണ് സന്ദേഹത്തെ ഗസ്സാലി കാണുന്നത് എന്നത് ഇവിടെ സ്പഷ്ടമാണ്. അറിവിനെ സംശയിക്കുന്ന ഒരു സന്ദേഹവാദിയല്ല; അറിവിനെ ദൃഢപ്പെടുത്തി ഉൾകാഴ്ചയിലേക്ക് യാത്ര ചെയ്യാൻ സന്ദേഹത്തെ പ്രയോജനപ്പെടുത്തുന്ന ഒരു കാഴ്ചപ്പാട് അധ്യാപനം ചെയ്തു കൊണ്ട് ഡെക്കാർത്തിയൻ രീതി നൂറ്റാണ്ടുകൾക്കു മുമ്പ് കരുതി വച്ച ഒരു ചിന്തകനായിരുന്നു അദ്ദേഹം. തഖ്ലീദ്, പഞ്ചേന്ദ്രിയജ്ഞാനം, യുക്തിചിന്ത തുടങ്ങിയ മാർഗങ്ങളെ ഓരോന്നും മറികടന്ന്, ജ്ഞാനശാസ്ത്രപരമായ അടിത്തറ തേടുന്ന ഗസ്സാലി, ആത്യന്തികമായി ഇവയൊന്നും തള്ളിക്കളയുകയല്ല
![]() |
| Descartes |
പുനർനിർവചിക്കപ്പെട്ട ഒരു ജ്ഞാനശാസ്ത്ര ക്രമത്തിലേക്ക് ഒടുവിൽ എല്ലാം മടങ്ങി വരുന്നു. ശേഷം അറിവ് വഴുക്കലില്ലാത്ത ഉറച്ച ഭൂമികയിൽ സുശക്തമായി സ്ഥാപിക്കപ്പെടുന്നു. ഗസ്സാലിയുടെ അന്വേഷണങ്ങൾ ഡെക്കാർത്തെയുടേതിന് സമമാണെങ്കിലും, അദ്ദേഹത്തിന്റെ നിഗമനങ്ങളും സംശയങ്ങളിൽ നിന്നുള്ള ആത്യന്തികമായ പുറത്തുകടക്കലും തികച്ചും വ്യത്യസ്ഥമായ കണ്ടെത്തലുകളിലാണ്. ഒരു പക്ഷെ ഗസ്സാലിക്ക് തന്റെ ആദ്യ പ്രതിസന്ധി അസ്തിത്വപരമായ വ്യഥ തീർത്തത് സമീപനത്തിലെ സവിശേഷത കൊണ്ട് കൂടിയാണ്. ഏതാണ്ട് രണ്ട് മാസക്കാലം താൻ ആത്മപ്രതിസന്ധി അനുഭവിച്ചതായി ഗസ്സാലി പറയുന്നുണ്ടല്ലോ?
സംശയങ്ങൾക്കതീതമായി സ്ഥാപിക്കപ്പെടുന്ന ചിന്തിക്കുന്ന ആത്മാവിന്റെ അസ്തിത്വമാണ് ഡെക്കാർത്തെയുടെ, സന്ദേഹങ്ങളിൽ നിന്നുള്ള, രക്ഷകവാടമായി നിലകൊണ്ടത് എന്ന് നാം കണ്ടു. ഇമാം ഗസ്സാലിയെ സംബന്ധിച്ചിടത്തോളം, അത് ജ്ഞാനശാസ്ത്രത്തിന്റെയും സത്താശാസ്ത്രത്തിന്റെയും അതിരുകളെ ഭേദിക്കുന്ന ബോധ്യങ്ങളിൽ നിന്നും ഉരുത്തിരിയുന്നതായിരുന്നു. യുക്തിചിന്തയുടെ മേലുള്ള വിശ്വസം നഷ്ടമായ ശേഷം, വ്യഥയിൽ ഉഴറിയ തന്നിൽ, ദൈവികമായ വെളിച്ചം ഒടുവിൽ നഷ്ടമായ ബോധ്യങ്ങളെ തിരികെ സ്ഥാപിച്ചുവെന്ന് ഗസ്സാലി പറയുന്നു. പ്രാഥമിക തത്ത്വങ്ങളും, യുക്തിചിന്തയും മനുഷ്യന്റെ സത്താപരതയിൽ തന്നെ ഉള്ളടങ്ങിയിരിക്കുന്നു (a-priori) എന്നതിൽ നിന്നും അതിന്റെ സത്യാവസ്ഥയെ സ്ഥാപിക്കുന്നത് സൃഷ്‌ടാവിന്റെ കാരുണ്യമാണ് എന്നതാണ് ഇതിലെ സാംഗത്യം. അങ്ങനെ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ സത്താപരമായ യാഥാർഥ്യത്തിൽ നിന്നാണ് ഗസ്സാലിയൻ ജ്ഞാനശാസ്ത്രം ഊർജം സംഭരിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടി എന്ന നിലയിലുള്ള മനുഷ്യന്റെ സ്ഥാനമാണ് ഈ അറിവുകളെ വിശ്വാസത്തിലെടുക്കാനുള്ള ഒരേയൊരു ന്യായം. അവൻ തന്നെയാണ് അറിവുകളെ ഈ വിധം സൃഷ്ടിക്കുന്നത് എന്നിരിക്കെ എങ്ങനെയാണ് മനുഷ്യരെ യഥാർത്ഥ വഴിയിൽ നയിക്കുന്ന സൃഷ്ടാവിന്റെ കാരുണ്യത്തെ നിഷേധിക്കുക? അറിവിനെ വ്യക്തവും ശക്തവുമായി സ്ഥാപിക്കാൻ കഴിയുന്നത് ഈ ഒരു ഉറച്ച ഭൂമികയിൽ മാത്രം. അതിന് പുറത്തു ജ്ഞാനം സാധ്യമല്ല തന്നെ!
ഹാസിം മുഹമ്മദ്



COMMENTS